2013 നവംബർ 19, ചൊവ്വാഴ്ച

ആ പഴയ പാട്ട് വീണ്ടും ..

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ ?
മലിനമായ ജലാശയം അതി-മലിനമായൊരു ഭൂമിയും.

ഇലകള്‍ മൂളിയ മര്‍മ്മരം, കിളികള്‍ പാടിയ പാട്ടുകള്‍,
ഒക്കെയിന്നു നിലച്ചു കേള്‍പ്പതു ഭൂമി തന്നുടെ നിലവിളി.
നിറങ്ങള്‍ മാറിയ ഭൂതലം, വസന്തമിന്നു വരാതിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്നിലം.

തണലു കിട്ടാന്‍ തപസ്സിലാണിന്നിവിടെയോരോ മലകളും,
ദാഹനീരിനു നാവു നീട്ടി വലഞ്ഞു പുഴകള്‍ സര്‍വ്വവും.
കാറ്റുപോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍,
ഇവിടെയാണെന്‍ പിറവിയെന്നാല്‍-വിത്തുകള്‍ തന്‍ മന്ത്രണം.

പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യം, അണുനിലയം, യുദ്ധവും,
ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ്‌ ചൊല്ലിടാം..
വികസനം- അതു മര്‍ത്ത്യ മനസ്സിന്നരികില്‍ നിന്ന് തുടങ്ങണം,
വികസനം അതു നന്മപൂക്കും ലോകസൃഷ്ടിയ്ക്കാകണം.

സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ

---- ഇഞ്ചക്കാട് ബാലചന്ദ്രൻ

2013 നവംബർ 5, ചൊവ്വാഴ്ച

വെറുതെ

എഴുതുന്നതൊക്കെ    വായിക്കപെടും  എന്ന്  കരുതാൻ  പാടില്ലല്ലോ . വായിക്കപെടാതെ  ഉള്ള  എഴുത്തുകൾ      വെറുതെ  ആയി  പോയി  എന്ന്  പറയാനും  പറ്റില്ല . അത്  കൊണ്ട്  വായനക്കാർക്ക്  വേണ്ടി  അല്ലാതെ  എഴുതുന്നത്  കുറച്ചു  കൂടെ  ആത്മാർഥവും   , എഴുതാൻ  വേണ്ടി  മാത്രം  എഴുതപെട്ടതും    ആയിരിക്കില്ലേ ? വായനക്കാരന്റെ സാമൂഹ്യ ബോധം , വായനക്കാരിൽ എത്താനുള്ള കുറുക്കു വഴിക്കൾ, ശ്രദ്ധ ആകർഷിക്കാനുള്ള പദപ്രയോഗങ്ങൾ , വായനക്കാർകിടയിൽ കിട്ടേണ്ടുന്ന പ്രാധാന്യം ഇതിനെയൊന്നിനെയും പറ്റി  വിഷമിക്കാതെ എഴുതാൻ തോനിയത് കൊണ്ട് മാത്രം , അല്ലെങ്കിൽ വേറൊന്നും തല്കാലം ചെയ്യാൻ തോന്നാത്ത കൊണ്ട് മാത്രം എഴുതുന്ന വരികൾ എഴുത്ത് എന്ന കർമ്മത്തെ അഥവാ എഴുത്തിന്റെ രസത്തെ മാത്രം കേന്ദ്രീകരിച്ചാവില്ലേ? ആയാലും ഇല്ലെങ്കിലും എഴുത്തിനു അതിൽ മാത്രം നിലനില്ക്കുന്ന ഒരു നിലനില്പ് ഉള്ള പോലെ തോന്നുന്നു. എന്തിനാണ് ഡയറി എഴുതൽ പലരും ഒരു ശീലമാക്കി കൊണ്ടുനടന്നിട്ടുള്ളത്  ?   ബ്ലോഗിലും ഫെസ്ബുക്കിലും എഴുതും പോലെ നാല് പേർ കാണട്ടെ എന്ന് കരുതി അല്ലാതെ , ആരും കാണരുത് എന്ന് വാശി പിടിച് ഡയറി കുറിപ്പുകൾ എഴുതി നിറച്ചിരുന്ന എഴുത്തുക്കാർ എത്രയോ ആയിരം ഉണ്ടാവും!